യുപി കേരളമായാല്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ കൊലപാതകങ്ങള്‍ ഉണ്ടാകില്ല; യോഗിക്ക് പിണറായിയുടെ മറുപടി

 | 
Pinarayi Vijayan

യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗി ഭയപ്പെടുന്നതു പോലെ യുപി കേരളമായി മാറിയാല്‍ അവിടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്ന് പിണറായി ട്വീറ്റ് ചെയ്തു. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹ്യ ക്ഷേമ പദ്ധതികളും മെച്ചപ്പെട്ട ജീവിത സാഹചര്യവും ജനങ്ങള്‍ക്ക് ലഭിക്കുമെന്നും പിണറായി പറഞ്ഞു. യുപിയിലെ ജനങ്ങള്‍ ഇതാണ് ആവശ്യപ്പെടുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 


തെരഞ്ഞെടുപ്പില്‍ തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും കാശ്മീരുമൊക്കെയായി മാറുമെന്നായിരുന്നു ആദ്യഘട്ട പോളിംഗിന് മുന്‍പായി പുറത്തു വിട്ട വീഡിയോയില്‍ ആദിത്യനാഥ് പറഞ്ഞത്. പ്രസ്താവന വിവാദമായതിന് പിന്നാലെ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദിത്യനാഥിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. 

കേരളമായി മാറിയാല്‍ അത് യുപിയുടെ ഭാഗ്യമാണെന്നായിരുന്നു തരൂരിന്റെ മറുപടി. കാശ്മീരിന്റെ ഭംഗിയും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളും യുപിക്ക് അതിശയമായിരിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.