അങ്ങനെ സംഭവിച്ചാല്‍ യുപിയുടെ ഭാഗ്യം; ആദിത്യനാഥിന് ശശി തരൂരിന്റെ മറുപടി

 | 
Shashi Tharoor

വോട്ടെടുപ്പില്‍ തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളമായി മാറുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശശി തരൂര്‍. അപ്രകാരം സംഭവിച്ചാല്‍ അത് യുപിയുടെ ഭാഗ്യമാണെന്ന് തരൂര്‍ ട്വീറ്റില്‍ പറഞ്ഞു. കാശ്മീരിന്റെ ഭംഗിയും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളും യുപിക്ക് അതിശയമായിരിക്കുമെന്ന് തരൂര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് ഗംഭീരമാണ്, ഈ സര്‍ക്കാര്‍ പരിതാപകരമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 


ആദ്യ ഘട്ട പോളിംഗിന് മുന്‍പായി ട്വിറ്ററില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട വീഡിയോയിലാണ് ആദിത്യനാഥിന്റെ പ്രസ്താവന. ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭയരഹിതമായി ജീവിക്കാമെന്നാണ് ആദിത്യനാഥിന്റെ അവകാശവാദം. 

കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരുപാട് അത്ഭുതങ്ങള്‍ സംഭവിച്ചു. ഈ വോട്ടെടുപ്പില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ചു വര്‍ഷത്തെ അധ്വാനം ഇല്ലാതാകും. ഉത്തര്‍പ്രദേശ് കാശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം വേണ്ടിവരില്ലെന്നാണ് ആദിത്യനാഥ് പറഞ്ഞത്. ആറ് മിനിറ്റ് നീളുന്ന വീഡിയോ ബിജെപി ഹാന്‍ഡിലുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്.