ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

 | 
Lata Mangeshkar

കോവിഡ് അനന്തര ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ഭേദമായെങ്കിലും ന്യുമോണിയ ഉള്‍പ്പെടെ ബാധിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ തുടരുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ശനിയാഴ്ച ലതയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. 

ലതാ മങ്കേഷ്‌കര്‍ക്ക് ജനുവരി 8നാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അന്നു മുതല്‍ ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 2001ല്‍ ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങിയവയും ലതാ മങ്കേഷ്‌കര്‍ നേടിയിട്ടുണ്ട്. 

വിവിധ ഭാഷകളിലായി 30,000ല്‍ ഏറെ ഗാനങ്ങള്‍ ലതാ മങ്കേഷ്‌കര്‍ ആലപിച്ചിട്ടുണ്ട്. 1974ല്‍ ആദ്യമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുമ്പോള്‍ ലതയുടേതായി 25,000ലേറെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. മലയാളത്തില്‍ നെല്ല് എന്ന ചിത്രത്തില്‍ ഒരു ഗാനം ലത ആലപിച്ചിട്ടുണ്ട്.