വീണ്ടും ഇരുട്ടടി; എല്‍പിജി വാണിജ്യ സിലിന്‍ഡറിന് വില കൂട്ടി, സിഎന്‍ജി വിലയിലും വര്‍ദ്ധന
ഇന്ധനവില വര്‍ദ്ധനവിന് തുടര്‍ച്ചയായി എല്‍പിജി വാണിജ്യ സിലിന്‍ഡറിനും വില വര്‍ദ്ധിപ്പിച്ചു. 255.50 രൂപയാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിന്‍ഡറിന് കൊച്ചിയിലെ വില 2256 രൂപയായി. കഴിഞ്ഞ 5 മാസത്തിനിടെ 530 രൂപയാണ് കൊമേഴ്‌സ്യല്‍ സിലിന്‍ഡറിന് കൂട്ടിയത്. സിഎന്‍ജി വിലയും ഉയര്‍ത്തിയിട്ടുണ്ട്.
ഒരു കിലോയ്ക്ക് 8 രൂപയാണ് സിഎന്‍ജിക്ക് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ സിഎന്‍ജി വില കുറഞ്ഞു നില്‍ക്കുന്നത് ആശ്വാസമായിരുന്നു. ഇതിനാണ് അറുതിയായിരിക്കുന്നത്. കൊച്ചിയില്‍ സിഎന്‍ജിക്ക് കിലോയ്ക്ക് 80 രൂപയാണ് പുതിയ വില. കോഴിക്കോട് 82 രൂപയായി വില ഉയര്‍ന്നു.
ആഗോള വിപണിയില്‍ വാതക വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് സിഎന്‍ജി വില ഉയര്‍ത്തിയതെന്നാണ് വിശദീകരണം. പൈപ്പ് ലൈന്‍ വഴി നല്‍കുന്ന ഗാര്‍ഹികാവശ്യത്തിനുള്ള പിഎന്‍ജിയുടെ വിലയും ഉയരും.