ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് എല്‍ഡിഎഫ് അംഗീകാരം; മിനിമം ചാര്‍ജ് 10 രൂപ, കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കില്ല
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും തീരുമാനമായി. കണ്‍സഷന്‍ നിരക്ക് മാറ്റുന്നത് സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാല് ദിവസം സ്വകാര്യ ബസുകള്‍ പണിമുടക്കിയത്.
രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശയനുസരിച്ചാണ് മിനിമം ചാര്‍ജ് 10 രൂപയാക്കിയത്. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിച്ചിരുന്നത്.
ടാക്സി മിനിമം നിരക്ക് 175 ല്‍ നിന്ന് 210 രൂപയാക്കാമെന്നാണ് രാമചന്ദ്രന്‍ കമ്മിറ്റി നല്‍കിയിരിക്കുന്ന ശുപാര്‍ശ. 1500 സിസിക്ക് മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 200 ല്‍ നിന്ന് 240 ആക്കിയേക്കുമെന്ന് സൂചനയുണ്ട്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്ന് 20 രൂപയാക്കാനും നിര്‍ദേശമുണ്ട്.