കോടിയേരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ലീഗ് നേതാക്കള്‍

 | 
Kodiyeri

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് നേതാക്കള്‍. മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിച്ചത്. 

രാവിലെ ആശുപത്രിയിലെത്തിയ ഇരു നേതാക്കളും കോടിയേരിയും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് നേതാക്കള്‍ മടങ്ങിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്. തിങ്കളാഴ്ചയാണ് വിദഗദ്ധ ഡോക്ടര്‍മാരുടെ സംഘം എയര്‍ ആംബുലന്‍സില്‍ കോടിയേരിയെ കൊണ്ടു പോയത്. 

കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും കൂടെയുണ്ട്. ആദ്യഘട്ടത്തില്‍ അപ്പോളോ ആശുപത്രിയില്‍ 15 ദിവസത്തെ ചികിത്സയാണ് നല്‍കുക. പാര്‍ട്ടി നേതൃത്വമാണ് തുടര്‍ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.