അഞ്ചേരി ബേബി വധക്കേസില്‍ എം.എം.മണി അടക്കമുള്ളവര്‍ കുറ്റവിമുക്തര്‍

 | 
M M Mani

വിവാദമായ മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് തുടരന്വേഷണം നടത്തിയ അഞ്ചേരി ബേബി വധക്കേസില്‍ എം.എം.മണിയെ കുറ്റവിമുക്തനാക്കി. തുടരന്വേഷണത്തില്‍ മണിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഒ.ജി.മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരെയും കുറ്റവിമുക്തരാക്കി. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഇവരെ കുറ്റവിമുക്തരായി പ്രഖ്യാപിച്ചത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി 1982ലാണ് കൊല്ലപ്പെട്ടത്. കേസിലെ 9 പ്രതികളെ 1988ല്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടിരുന്നു. 2012 മെയ് 25ന് മണക്കാട് വെച്ച് നടത്തിയ പ്രസംഗത്തില്‍ എം.എം.മണി രാഷ്ട്രീയ കൊലപാതകങ്ങളെ അക്കമിട്ട് പറഞ്ഞത് വിവാദമായി മാറിയതോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും ചര്‍ച്ചയായത്. 

മണിയെ രണ്ടാം പ്രതിയാക്കി പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും മറ്റു കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. യുഡിഎഫ് ഭരണകാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരം മണിക്ക് കുറച്ചു കാലത്തേക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. 

സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് മണിയുടെ പ്രസംഗം വിവാദമാകുകയും അറസ്റ്റുണ്ടാവുകയും ചെയ്തത്. ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവായിരുന്ന എ.കെ.ദാമോദരന്‍, മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി.മദനന്‍ എന്നിവരെയും പോലീസ് പ്രതിചേര്‍ത്തിരുന്നു. മണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 5 കേസുകളില്‍ പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്കും രൂപം നല്‍കിയിരുന്നു.