എം.വി.ഗോവിന്ദന്‍ സ്ഥാനമൊഴിയുന്നു; എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്, എ.എന്‍.ഷംസീര്‍ സ്പീക്കറാകും
എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിസഭയിലെത്തും. പകരം തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ സ്പീക്കറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്നാണ് എം വി ഗോവിന്ദന്‍ രാജിവെച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.
എം ബി രാജേഷ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എം.വി.ഗോവിന്ദന്‍ കൈകാര്യം ചെയ്ത തദ്ദേശം, എക്‌സൈസ് വകുപ്പുകളാണു രാജേഷിനു ലഭിക്കുകയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. പാലക്കാട് എംപിയായും സ്പീക്കറായും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനെ തുടര്‍ന്നാണ് എം.ബി.രാജേഷിനെ മന്ത്രിസഭയിലേക്കു പരിഗണിച്ചത്.
രാജേഷ് മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രിയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ നേരത്തേ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനു പകരം ആരാകുമെന്നതില്‍ ഇതുവരെ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല.