മലയാളി യുവാവ് പോളണ്ടില്‍ കുത്തേറ്റ് മരിച്ചു
മലയാളി യുവാവ് പോളണ്ടില്‍ കുത്തേറ്റ് മരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ്(24)ആണ് കൊല്ലപ്പെട്ടത്. ജോര്‍ജിയന്‍ പൗരന്‍മാരുമായുണ്ടായ തര്‍ക്കത്തിനിടെ കുത്തേല്‍ക്കുകയായിരുന്നു. സൂരജിനൊപ്പമുണ്ടായിരുന്ന നാലു മലയാളികളെയും അക്രമികള്‍ കുത്തിപ്പരിക്കേല്‍പിച്ചു. ഇവര്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെയാണ് സൂരജ് പോളണ്ടില്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. പോളണ്ടില്‍ സ്വകാര്യ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു സൂരജ്. ഇതേ കമ്പനിയിലെ ജോര്‍ജിയന്‍ പൗരന്മാര്‍ അടുക്കളഭാഗത്തുവെച്ച് സിഗരറ്റ് വലിക്കുന്നത് ചിലര്‍ വിലക്കിയിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.
തര്‍ക്കത്തിനിടെ സൂരജ് പിടിച്ചുമാറ്റാന്‍ പോയതാണെന്നും ഇതിനിടെയാണ് കുത്തേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം ജോര്‍ജിയന്‍ പൗരന്മാര്‍ കെട്ടിടത്തില്‍നിന്ന് ഇറങ്ങിയോടിയെന്നാണ് വിവരം. കഴിഞ്ഞദിവസം മറ്റൊരു മലയാളിയും പോളണ്ടില്‍ കൊല്ലപ്പെട്ടിരുന്നു. പാലക്കാട് സ്വദേശിയും പോളണ്ടിലെ ഐ.എന്‍.ജി. ബാങ്കില്‍ ഐ.ടി. എന്‍ജിനീയറുമായ എസ്. ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്.