വന്യമൃഗങ്ങളുടെ ജനനനിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

 | 
ak sasidaran

വന്യജീവി ആക്രമണം തടയുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെങ്കിലും വന്യജീവികളുടെ സംഖ്യ വര്‍ധിച്ചത് പ്രശ്‌നമാണെന്ന് മന്ത്രി പറഞ്ഞു. വനത്തില്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിക്കധികമായി വന്യമൃഗങ്ങള്‍ വര്‍ധിച്ചതാണ് വന്യജീവി ആക്രമണങ്ങള്‍ അടക്കമുള്ള സംഭവങ്ങള്‍ക്ക് കാരണം. വന്യമൃഗ ജനനനിയന്ത്രണം ആവശ്യപ്പെട്ടുള്ള അടയന്തര ഹര്‍ജി കേരളം ഉടന്‍ സുപ്രീം കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

.വനത്തില്‍ വന്യമൃഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിക്കും അധികമായി വന്യമൃഗങ്ങളുടെ ജനസംഖ്യ വര്‍ധിച്ചതാണ് നിലവിലുള്ള സംഭവങ്ങള്‍ക്ക് കാരണം. വനാതിര്‍ത്തി കൂടിയിട്ടുണ്ടെങ്കിലും വനാതിത്തിക്കുള്ളില്‍ വനമല്ലാത്ത സ്ഥലങ്ങളുടെ എണ്ണവും പരിധിയും വര്‍ധിച്ചിട്ടുണ്ട്. ഇതു കാരണം ഭക്ഷ്യാവശ്യത്തിന് വേണ്ടിയാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ ഇക്കാര്യത്തെ തള്ളിക്കളയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

കുരങ്ങന്മാരുടെ എണ്ണം വളരെ ഏറെ വര്‍ധിച്ചിട്ടുണ്ടെന്നും പരിഹാരമായി വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെടുകയും കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വന്യമൃഗ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.