തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ നടപടികള്‍; മാസ് വാക്‌സിനേഷന്‍ നടത്തും, ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും

 | 
Dog

തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ . ഒരു മാസത്തെ മാസ് വാക്‌സിനേഷന്‍ ഡ്രൈവ്, ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക തുടങ്ങിയ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് തദ്ദേശവകുപ്പു മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരുവുനായ ശല്യത്തെ നേരിടേണ്ടത് രണ്ടുതരത്തിലാണ്. അടിയന്തരമായ ചില നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളുടെ ഭീതി സ്വാഭാവികമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാകുന്നില്ല. അതിന് ദീര്‍ഘകാല നടപടികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തത്. മറ്റുകാര്യങ്ങളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് രാജേഷ് പറഞ്ഞു. 

സെപ്റ്റംബര്‍ ഇരുപതു മുതല്‍ ഒക്ടോബര്‍ ഇരുപതുവരെയാണ് മാസ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍. വാക്സിനേഷനു വേണ്ടി ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനം വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കി. നായയെ പിടികൂടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള നിലവിലെ ആളുകളെ ഉപയോഗിച്ച് വാക്സിനേഷന്‍ ആരംഭിക്കും. മാത്രമല്ല, കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കും. കോവിഡ് കാലത്ത് രൂപവത്കരിച്ച സന്നദ്ധസേനയില്‍നിന്ന് തത്പരരായ ആളുകള്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീ ലഭ്യമാക്കുന്ന ആളുകള്‍ക്കും പരിശീലനം നല്‍കുമെന്നും രാജേഷ് പറഞ്ഞു.

ഈ മാസം തന്നെ പരിശീലനം നല്‍കും. വെറ്ററിനറി സര്‍വകലാശാലയുടെ സഹായം ഇതിനായി തേടും. അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒന്‍പതു ദിവസത്തെ പരിശീലനമാണ് നല്‍കുക. ഈ അതിതീവ്ര വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.