ഹോട്ടല്‍ പാഴ്‌സലുകളില്‍ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി ഉത്തരവ്

 | 
foodLabel

സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്ന് നല്‍കുന്ന പാഴ്‌സലുകളില്‍ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. പാഴ്‌സലിനൊപ്പമുള്ള സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തിയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 

നേരത്തേ ഈ വിഷയത്തില്‍ ഹോട്ടല്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തിരുന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്. ഹൈറിസ്‌ക് ഹോട്ട് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ടു മണിക്കൂറിനുള്ളില്‍ കഴിച്ചിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പറയുന്നത്. 

ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. പാഴ്‌സല്‍ എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തിക്കൊണ്ടു വേണമെന്നാണ് നിര്‍ദേശം.