പള്‍സര്‍ സുനി ദിലീപിന് അയച്ച യഥാര്‍ത്ഥ കത്ത് കണ്ടെത്തി; നിര്‍ണ്ണായക തെളിവ്

 | 
Pulsar Suni Dileep

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച യഥാര്‍ത്ഥ കത്ത് കണ്ടെത്തി. സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന കുന്നംകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. ജയിലില്‍ നിന്നാണ് സുനി ഈ കത്ത് ദിലീപിന് അയച്ചത്. ഇതിന്റെ പകര്‍പ്പ് സുനിയുടെ അമ്മ പോലീസിന് നല്‍കിയിരുന്നു. മാധ്യമങ്ങള്‍ക്കും കത്തിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. 

പകര്‍പ്പ് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് ഒറിജിനല്‍ കണ്ടെത്തിയിരിക്കുന്നത്. കേസിലെ നിര്‍ണ്ണായക തെളിവുകളില്‍ ഒന്നാണ് ഇത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ തന്നതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നും താന്‍ വലിയ ഭീഷണി നേരിടുന്നുണ്ടെന്നുമാണ് കത്തില്‍ പറയുന്നത്. 

കത്തിന്റെ ആധികാരികത പരിശോധിക്കുന്നതിനായി പള്‍സര്‍ സുനിയുടെ കയ്യക്ഷര സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതിലൂടെ ആധികാരികത ഉറപ്പിക്കാനായാല്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയില്‍ നിര്‍ണ്ണായക തെളിവായി കത്ത് മാറും.