രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

 | 
STALIN

രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനുമുപരി പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നെഹ്റുവിനേയും മഹാത്മാഗാന്ധിയേയും പോലുള്ള നേതാക്കള്‍ രാജ്യത്തിനാവശ്യമാണ്. 

ചില സമയം രാഹുല്‍ നെഹ്റുവിനെ പോലെയാണ് സംസാരിക്കുന്നത്. എന്ന് പറഞ്ഞ സ്റ്റാലിന്‍ മഹാത്മാഗാന്ധിയുടേയും നെഹ്റുവിന്റെയും പിന്മുറക്കാരുടെ നിലപാടുകളില്‍ ഗോഡ്സേയുടെ പിന്മുറക്കാര്‍ അസന്തുഷ്ടരാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

നെഹ്റു ഒരു യഥാര്‍ഥ ജനാധിപത്യവാദിയായിരുന്നു. അതുകൊണ്ടാണ് എല്ലാ ജനാധിപത്യശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നത്. കോണ്‍ഗ്രസിനേക്കാള്‍ ഉപരി ഇന്ത്യയുടെ ശബ്ദമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകള്‍ നെഹ്റുവിന്റെ യഥാര്‍ഥ മൂല്യം മനസ്സിലാക്കി തരുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപണ്ണയുടെ 'മാമനിതര്‍ നെഹ്റു' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.