മീഡിയവണിന് തിരിച്ചടി; സംപ്രേഷണ വിലക്ക് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
സംപ്രേഷണ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയവണ്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് കോടതി ശരിവെച്ചു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നല്‍കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചതെന്നും ജസ്റ്റിസ് എന്‍.നഗരേഷ് വിധിന്യായത്തില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറന്‍സ് നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണ്‍ സംപ്രേഷണം വിലക്കിയത്. ഇതേത്തുടര്‍ന്ന് ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുകയാണെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ ലൈവില്‍ അറിയിച്ചിരുന്നു. വിലക്കിനുള്ള കാരണം അറിയിക്കാതെയായിരുന്നു മന്ത്രാലയത്തിന്റെ നടപടി. പിന്നീട് ഹൈക്കോടതി ഈ വിലക്ക് സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് സംപ്രേഷണം പുനരാരംഭിക്കുകയായിരുന്നു.
രണ്ടു ദിവസത്തേക്കായിരുന്നു ആദ്യം സ്റ്റേ നല്‍കിയത്. പിന്നീട് ഇത് ദീര്‍ഘിപ്പിക്കുകയായിരുന്നു. വിലക്കിന് കാരണമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഈ ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നാണ് സൂചന.