മകന്‍ ഹരികൃഷ്ണന്റെ നിയമന വാര്‍ത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിക്കൊരുങ്ങി കെ സുരേന്ദ്രന്‍
മകന്‍ ഹരികൃഷ്ണന്റെ നിയമന വാര്‍ത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിക്കൊരുങ്ങി കെ സുരേന്ദ്രന്‍
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ മകന്‍ ഹരികൃഷ്ണന്റെ നിയമനം സംബന്ധിച്ച വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്റെ നിയമനം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയത് വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ നിയമനടപടിക്ക് സ്വീകരിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയ്ക്കും ന്യൂസ് എഡിറ്റര്‍ മനോജ് കെ ദാസിനും എതിരെയാണ് സുരേന്ദ്രന്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ആര്‍.ജി.സി.ബിയില്‍ നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് മകന് നിയമനം ലഭിച്ചത്. പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാനെത്തിയ ദിവസം തന്നെ ഇങ്ങനെ ഒരു നുണപ്രചാരണം നടത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുത്തത് കൃത്യമായ അജണ്ടയോടെയാണ്. കെ.സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയതെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനുള്ളില്‍ തന്നെ മാപ്പ് പറഞ്ഞ് വാര്‍ത്ത തിരുത്തണമെന്നും നോട്ടീസിലൂടെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന് രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലായിരുന്നു നിയമനം ലഭിച്ചത്. ബിടെക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച ഒഴിവിലേക്കായിരുന്നു നിയമനമെന്നാണ് ആരോപണം.