ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പില്‍ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി

 | 
lakshadweep

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ നിര്‍ദേശം. വധശ്രമക്കേസില്‍ ഫൈസലിന് കവരത്തി സെഷന്‍സ് കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു കൂടി പരിഗണിച്ചുകൊണ്ട് തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്. 

ജനുവരി 31ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് സുപ്രീം കോടതി നിര്‍ണ്ണായക നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഫൈസല്‍ അയോഗ്യനാക്കപ്പെട്ടത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. 

തൊട്ടു പിന്നാലെ മുഹമ്മദ് ഫൈസല്‍ തനിക്ക് അപ്പീല്‍ നല്‍കാനുള്ള സാവകാശം പോലും നല്‍കാതെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീലും നല്‍കിയിരുന്നു. അപ്പീല്‍ ഹര്‍ജിയിലാണ് സെഷന്‍സ് കോടതി വിധിയും ശിക്ഷാ നടപടിയും ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മുഹമ്മദ് ഫൈസല്‍ മോചിതനായിരുന്നു.