ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
നടന്‍ ജോജു ജോര്‍ജ് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കി ജോജു ജോര്‍ജ് സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജോജുവിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതും അസഭ്യവര്‍ഷം നടത്തിയതും അടക്കമുള്ള കുറ്റങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ പൊതുഗതാഗതം തടസപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയാണ് ജോജു ജോര്‍ജ് പ്രതിഷേധിച്ചത്. ഇടപ്പള്ളി-അരൂര്‍ ബൈപ്പാസില്‍ വെറ്റില ജംഗ്ഷന് സമീപം ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിയതോടെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരെയായിരുന്നു കോണ്‍ഗ്രസ് സമരം. തൊട്ടു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തകര്‍ത്തിരുന്നു.
ജോജുവിന്റെ വാഹനം ആക്രമിച്ചതിനു കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തിരുന്നു. വാഹനം തടഞ്ഞു നിര്‍ത്തി ഡോര്‍ ബലമായി തുറന്ന് ജോജുവിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. ജോജു മദ്യപിച്ചാണ് ബഹളമുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു. ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ജോജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.