ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു
ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച പത്തു വര്‍ഷം തടവു ശിക്ഷയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷാവിധിയും സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
ആയുധങ്ങള്‍ കണ്ടെടുത്തില്ലെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ജീവഹാനി സംഭവിക്കാന്‍ തക്ക മുറിവുകള്‍ പരാതിക്കാര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും കേസ് ഡയറിയിലടക്കം വൈരുധ്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ നാലു പ്രതികള്‍ വാദിച്ചത്.
2009 ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ എംപി പി എം സെയ്ദിന്റെ ബന്ധുവുമായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്. ജനുവരി 11ന് കവരത്തി സെഷന്‍സ് കോടതി പ്രതികളായ മുഹമ്മദ് ഫൈസല്‍ എംപി സഹോദരന്‍ നൂറുല്‍ അമീര്‍ എന്നിവരടക്കം നാലു പ്രതികള്‍ക്ക് പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.