അഡ്വ.രാമന്‍പിള്ളയ്‌ക്കെതിരെ നടി നല്‍കിയ പരാതി ഔദ്യോഗികമല്ലെന്ന് ബാര്‍ കൗണ്‍സില്‍

 | 
Adv Ramanpilla

അഭിഭാഷകര്‍ക്കെതിരെ അതിജീവിതയായ നടി നല്‍കിയ പരാതി ഔദ്യോഗികമല്ലെന്ന് ബാര്‍ കൗണ്‍സില്‍. അഡ്വ.ബി.രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്കെതിരെ നടിയുടെ പരാതി ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും പരാതി ഫീസടച്ച് ഔപചാരികമായി നല്‍കാത്തതിനാല്‍ ഔദ്യോഗികമായി കണക്കാക്കാനാകില്ലെന്നാണ് ബാര്‍ കൗണ്‍സിലിന്റെ നിലപാട്. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചൊവ്വാഴ്ച രാത്രി ഇമെയില്‍ വഴിയാണ് പരാതി ലഭിച്ചത്. അഭിഭാഷകരായ ബി.രാമന്‍പിള്ള, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍. ഇമെയില്‍ വഴി ലഭിക്കുന്ന പരാതി ഔദ്യോഗികമായി കണക്കാക്കാനാകില്ലെന്നും ഫീസ് അടച്ച് പരാതി നല്‍കിയാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്നുമാണ് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. തെളിവുകള്‍ ഉണ്ടെങ്കിലേ ബാര്‍ കൗണ്‍സിലിന് ഇടപെടാനാകൂ. അവയുള്‍പ്പെടെ പരിശോധിച്ച ശേഷം അച്ചടക്ക സമിതിക്ക് വിടുകയാണ് ബാര്‍ കൗണ്‍സിലിന്റെ രീതിയെന്നും ചെയര്‍മാന്‍ പറയുന്നു. 

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ദിലീപിനൊപ്പം ചേര്‍ന്ന് അഭിഭാഷകരും ശ്രമിക്കുന്നുവെന്നാണ് അതിജീവിതയായ നടി ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയിലെ ആരോപണം. കേസിലെ 21 സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതിന് പിന്നില്‍ അഭിഭാഷകരാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച് രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തില്‍ ബാര്‍ കൗണ്‍സില്‍ അടിയന്തരമായി ഇടപെടണമെന്നും നടി പരാതിയില്‍ ആവശ്യപ്പെടുന്നു. 

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും അഡ്വ.രാമന്‍പിള്ള നേതൃത്വം നല്‍കി. ഇത് അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും നടി വ്യക്തമാക്കുന്നു. ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.