പുസ്തകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ല; ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടിയില്ല
അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടിയില്ല. ശിവശങ്കറിനെതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും പുസ്തകത്തില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍.
1968-ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് സര്‍വീസിലിരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന് സര്‍വീസിലിരിക്കുന്ന കാലയളവില്‍ പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. പക്ഷേ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല. ശിവശങ്കറിന്റെ പുസ്തകത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരേയും മാധ്യമങ്ങള്‍ക്കെതിരേയുമാണ് പ്രധാന വിമര്‍ശനം. ഈ പശ്ചാത്തലത്തിലാണ് തല്‍ക്കാലം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെതിരേ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നാല്‍ നടപടിയെക്കുറിച്ച് ആലോചിച്ചേക്കുമെന്നും സൂചനയുണ്ട്.