പ്രതിപക്ഷനേതാവ് വി ഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സര്‍ക്കാര്‍

 | 
vdsatheesh-car

പ്രതിപക്ഷനേതാവ് വി ഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ അനുവദിച്ച് സര്‍ക്കാര്‍. ടൂറിസം വകുപ്പാണ് വിഐപി വാഹനങ്ങള്‍ അനുവദിക്കുന്നത്. നിലവില്‍ സതീശന്‍ ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് കാര്‍ മാറ്റി നല്‍കുന്നത്. ഒരു ലക്ഷം കിലോമീറ്റര്‍, അല്ലെങ്കില്‍ മൂന്നു വര്‍ഷം ഓടിയ വാഹനങ്ങള്‍ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. 

സര്‍ക്കാര്‍ കടം പെരുകുകയാണെന്നും സര്‍ക്കാര്‍ നടത്തുന്നത് ധൂര്‍ത്താണെന്നും കാട്ടി പ്രതിപക്ഷം ധവളപത്രം പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് പ്രതിപക്ഷനേതാവിന് സര്‍ക്കാര്‍ കാര്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി ഏഴു കാറുകള്‍ വാങ്ങിയതായി ധവളപത്രത്തില്‍ ആരോപണമുണ്ട്. 

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണ് ഇത്തവണ വി.ഡി. സതീശനും നല്‍കിയിരുന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് ഇതേ മാതൃകയില്‍ വാഹനം അനുവദിച്ചപ്പോള്‍ പ്രതിപക്ഷം വിവാദമാക്കിയിരുന്നു.