ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന്‍ ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

 | 
Saji Cheriyan

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് സത്യപ്രതിജ്ഞ നടക്കും. ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന വിഷയത്തില്‍ രാജിവെച്ച സജി ചെറിയാന്‍ തിരിച്ചെത്തുന്നതില്‍ വിശദാംശങ്ങള്‍ ചോദിച്ചതിനു ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് നേരത്തെ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു.

പ്രസ്താവനയുടെ പേരില്‍ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചു, മറ്റ് കേസുകള്‍ രൂക്ഷമായിട്ടുള്ളതല്ല എന്നതിനാലാണ് സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുള്ളത്. അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവരുടെ നിയമോപദേശം ഗവര്‍ണര്‍ തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കുകയല്ലാതെ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി മറ്റൊന്നും ചെയ്യാനില്ല. 

പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.