പാര്‍ട്ടി വിലക്കിയിട്ടില്ല; മഗ്‌സസെ പുരസ്‌കാരം നിരസിച്ചത് ശൈലജയെന്ന് യെച്ചൂരി
മാഗ്‌സസെ പുരസ്‌കാരം നിരസിച്ചത് കെ കെ ശൈലജയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് ശൈലജയെ പാര്‍ട്ടി വിലക്കിയിട്ടില്ലെന്നും ചില കാരണങ്ങളാല്‍ ശൈലജ തന്നെയാണ് പുരസ്‌കാരം വേണ്ടെന്നു വെച്ചതെന്നും യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്ന ഉന്നത കമ്മിറ്റിയുടെ ഭാഗമാണ് അവര്‍. ആ നിലയ്ക്ക് ശൈലജയെ പാര്‍ട്ടി വിലക്കിയിട്ടില്ലെന്നും അവര്‍ തന്നെയാണ് തീരുമാനം എടുത്തതെന്നും യെച്ചൂരി വിശദീകരിച്ചു.
കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച ചെയ്തുകൊണ്ടാണ് പുരസ്‌കാരം നിരസിച്ചതെന്ന് ശൈലജ നേരത്തേ പ്രതികരിച്ചിരുന്നു. മാഗ്‌സസെ പുരസ്‌കാരം നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ കെ ശൈലജ. പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി തന്നെ അറിയിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെയൊരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് പരിശോധിച്ചപ്പോള്‍ കണ്ടു. പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അവാര്‍ഡ് കമ്മിറ്റിയോട് നന്ദിയറിയിച്ചുകൊണ്ട് പറഞ്ഞുവെന്നും ശൈലജ വ്യക്തമാക്കി.
പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്‍മെന്റ് എന്നനിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കോവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മറ്റി അറിയിച്ചത്. എന്നാല്‍ ജ്യോതി ബസു പ്രധാനമന്ത്രിപദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.