യാത്രക്കാരിയെ ബലാല്‍സംഗം ചെയ്തു; വഴിക്കടവില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

 | 
Jaleesh

മലപ്പുറം വഴിക്കടവില്‍ യാത്രക്കാരിയെ ബലാല്‍സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മരുത അയ്യപ്പന്‍ പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് എന്ന ബാബു(41) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത്. 
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതി വഴിക്കടവില്‍ വച്ചാണ് ഇയാളുടെ ഓട്ടോയില്‍ കയറിയത്. എന്നാല്‍ ഇയാള്‍ യാത്രയ്ക്കിടെ വീട്ടിലേക്ക് പോകാതെ ഓട്ടോ വഴി തിരിച്ചു വിട്ട് മാമാങ്കര ഇരുള്‍ കുന്ന് എന്ന സ്ഥലത്തെ കാട്ടില്‍ കൊണ്ട് പോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

യുവതിയുടെ എതിര്‍പ്പ് വകവെയ്ക്കാതെയായിരുന്നു പീഡനം. തുടര്‍ന്ന് യുവതി വെള്ളിയാഴ്ച്ച പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. വഴിക്കടവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മരുതയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. 

സംഭവത്തിന് പിന്നാലെ യുവതി പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ വഴിക്കടവ് പൊലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.