സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത

 | 
Rain
സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാസര്‍ഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വയനാട് ഒഴികെയുള്ള ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് ആയിരിക്കും. 

കോട്ടയം ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയാണ് പ്രവചിചിരിക്കുന്നത്. മീനച്ചലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കൊണ്ട് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും ഉയർത്തുന്നുണ്ട്. മലയോര മേഖലയിലും ഇടവിട്ട് മഴ തുടരുകയാണ്. മുൻപ് നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകളില്‍ മാറ്റമില്ല. 

 കനത്തമഴയെ തുടർന്ന് കോട്ടയം, ആലപ്പുഴ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ഇന്ന് അവധിയാണ്. കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലാണ് അവധി. തിങ്കളാഴ്ച രാത്രി മുതല്‍ കനത്ത മഴ തുടരുന്ന കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്  ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്. 

മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴ, മണ്ണിടിച്ചില്‍ സാധ്യത, വെള്ളക്കെട്ട്, നദികളിലെ ജലനിരപ്പ് എന്നിവ കണക്കിലെടുത്താണ് ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.