മുല്ലപ്പെരിയാറില്‍ വിരമിച്ച പോലീസുകാരുടെ അനധികൃത സന്ദര്‍ശനം; വനംവകുപ്പ് കേസെടുത്തു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി നാലു പേര്‍ സന്ദര്‍ശനം നടത്തിയ സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. അനുവാദമില്ലാതെ കടുവാ സങ്കേതത്തിലെ ഡാമില്‍ പോയതിനാണ് കേസ്. സുരക്ഷാ വീഴ്ചയായാണ് സംഭവത്തെ കണക്കാക്കുന്നത്. വിരമിച്ച രണ്ട് എസ്‌ഐമാര്‍ അടക്കം നാലുപേരാണ് അനുവാദമില്ലാതെ ഡാമില്‍ സന്ദര്‍ശനം നടത്തിയത്.
മതിയായ പരിശോധന നടത്താത്തതിന് തേക്കടിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. തേക്കടി റേഞ്ച് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്. ബോട്ട് ലാന്‍ഡിംഗില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഗാര്‍ഡിനെയും വാച്ചറെയും സ്ഥലംമാറ്റും. സംഭവത്തില്‍ പോലീസും അന്വേഷണം നടത്തുന്നുണ്ട്.
മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇടുക്കി പോലീസ് മേധാവിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടായേക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ബോട്ടില്‍ നാലുപേര്‍ ഡാമില്‍ സന്ദര്‍ശനം നടത്തിയത്. ഇവരുടെ പേരോ മറ്റു വിവരങ്ങളോ ജിഡി രജിസ്റ്ററില്‍ ചേര്‍ത്തിരുന്നില്ല.