കൊല്ലത്ത് യുവതി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെ; പ്രതിക്കെതിരെ കൊലക്കുറ്റം.

 | 
kollamMurder

കൊല്ലത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. ബലാല്‍സംഗ ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ്. പിടിയിലായ അഞ്ചല്‍ സ്വദേശി നാസു (24)വിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. വ്യാഴാഴ്ച രാത്രി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 

കൊല്ലം ബീച്ചില്‍ വെച്ച് പരിചയപ്പെട്ട യുവതിയുമായി ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരമുണ്ടാകുകയും മരിക്കുകയുമായിരുന്നെന്നാണ് യുവാവ് ആദ്യം പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ ശരീരത്തില്‍ മുറിവേല്‍പിച്ചതായും നാസു പറഞ്ഞിരുന്നു. അതേസമയം യുവതിയെ ബലാല്‍സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

കേരളപുരം സ്വദേശിനിയായ യുവതിയുടെ നഗ്നമായ നിലയിലുള്ള മൃതദേഹം ജീര്‍ണ്ണിച്ച നിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ നാസു പിടിയിലാകുകയായിരുന്നു.