യതീഷ് ചന്ദ്ര ഏത്തമിടീച്ചത് തെറ്റ്; മാപ്പാക്കണമെന്ന് അപേക്ഷിച്ച് കേരള പോലീസ്
കോവിഡ് ലോക്ക് ഡൗണ്‍ സമയത്ത് നിയന്ത്രണള്‍ ലംഘിച്ചതിന്റെ പേരില്‍ ആളുകളെ യതീഷ് ചന്ദ്ര ഐപിഎസ് ആളുകളെ ഏത്തമിടീച്ച നടപടി തെറ്റാണെന്ന് ഏറ്റുപറഞ്ഞ് കേരള പോലീസ്. മനുഷ്യാവകാശ കമ്മീഷന്റെ മുന്നിലാണ് പോലീസിന്റെ ഏറ്റുപറച്ചില്‍. യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിപ്പോയെന്നും മാപ്പു നല്‍കണമെന്നുമാണ് പോലീസ് അഭ്യര്‍ത്ഥിച്ചത്. സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.
2020ല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 22നാണ് സംഭവമുണ്ടായത്. കണ്ണൂര്‍ വളപട്ടണത്ത് തയ്യല്‍ക്കടയ്ക്ക് മുന്നില്‍ നിന്നവരെ അന്നത്തെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും പോലീസിനും യതീഷ് ചന്ദ്രയ്ക്കുമെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പിന്നീട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.
ഈ കേസില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് വീഴ്ച സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗവ്യാപനം ഉയരാന്‍ സാധ്യതയുണ്ടായിരുന്നതിനാലാണ് ഇത്തരമൊരു ശിക്ഷ നല്‍കിയതെന്നും നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണെന്നും നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ പോലീസ് ആക്ട് നിഷ്‌കര്‍ഷിക്കുന്ന നടപടി സ്വീകരിച്ചാല്‍ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.
കോടതികളാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. കോവിഡ് വ്യാപനം തടയാന്‍ പോലീസ് സ്തുത്യര്‍ഹ സേവനം നടത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ആക്രമണം നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും അനുവദിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു.