കമ്പംമെട്ടിന് സമീപം കാറിനുള്ളിൽ മൂന്നം​ഗ കുടുംബം മരിച്ച നിലയിൽ

 | 
kambam

കേരള-തമിഴ്നാട് അതിർത്തിയിൽ കാറിനുള്ളിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കുമളി-കമ്പം പാതയിൽ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിർത്തിയിട്ട കാറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. മരിച്ചത് കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി(60), ഭാര്യ മേഴ്‌സി(58), മകൻ അഖിൽ(29) എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവർ കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവരെ കാണാനില്ലെന്ന പരാതിയിൽ വാകത്താനം പോലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ മൂവരെയും മരിച്ചനിലയിൽ കണ്ടത്.

അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്‌ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അഖിലും പിതാവ് സജിയും കാറിന്റെ മുൻസീറ്റിലായിരുന്നു. പിൻസീറ്റിൽ ഡോറിനോട് ചാരിയിരിക്കുന്നനിലയിലായിരുന്നു മേഴ്‌സിയുടെ മൃതദേഹം. സാമ്പത്തികബാധ്യതയെ തുടർന്നാകാം ഇവർ വാകത്താനത്തുനിന്ന് പോയതെന്നാണ് പോലീസിന്റെ നിഗമനം.

മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തമിഴ്‌നാട് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.