നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റില്ല
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. അതിജീവിതയുടെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. ദിലീപിന്റെ ഉപഹർജി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം വേണമെന്നതിൽ മറ്റാർക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്നും കോടതി ചോദിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സർക്കാരും വ്യക്തമാക്കി.
ലൈംഗിക അതിക്രമക്കേസുകളിലെ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ മാർഗനിർദേശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഇതിനായി അമിക്കസ് ക്യൂറിയെയും നിയമിച്ചു. അതിജീവിതയുടെ ഹർജിയിൽ വാദം നടക്കവേ ദൃശ്യങ്ങൾ ചോർന്നതിന്റെ ഗൗരവം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുമാർഗനിർദേശം സമർപ്പിക്കാനാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അതിജീവിതയുടെ ഹർജി വിധി പറയനായി മാറ്റി.