അദാനി ഗ്രൂപ്പിന്റെ ഓഹരിതട്ടിപ്പ്; പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കെ സി വേണുഗോപാൽ

 | 
k c venugopal


ന്യൂഡൽഹി: അദാനി ഗ്രൂപ്പിൻ്റെ ഓഹരിതട്ടിപ്പിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിനോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അദാനി മെഗാ കുംഭകോണം എന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഏക അജണ്ട ഉറ്റ സുഹൃത്തിനെ സമ്പന്നനാക്കുകയാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. മോദിയുടെ ഉറ്റ സുഹൃത്ത് അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റ് നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച കെ സി വേണുഗോപാൽ പ്രധാനമന്ത്രി പ്രതികരിക്കണം എന്നും ആവശ്യപ്പെട്ടു.

 ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവർ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റിന്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 'ഒപാക്' മൗറീഷ്യസ് വഴിയാണ് പങ്കാളികൾ ഫണ്ട് ചെയ്യുന്നതെന്ന് ഒസിസിആർപി ഒരു ലേഖനത്തിലാണ് വ്യക്തമാക്കിയിരുന്നത്.