ചേര്‍പ്പ് സദാചാര കൊലപാതകം; നാലു പ്രതികളെ ഉത്തരാഖണ്ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു

 | 
cherppu-murder

തൃശൂര്‍ ചേര്‍പ്പ് സദാചാര കൊലപാതകത്തില്‍ നാലു പേര്‍ പിടിയില്‍. ഒളിവില്‍ പോയ പ്രതികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ ഉത്തരാഖണ്ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികളെ ശനിയാഴ്ച തൃശൂരിലെത്തിക്കും. ഫെബ്രുവരി 18ന് രാത്രി ചേര്‍പ്പ് തിരുവാണിക്കാവില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 

സുഹൃത്തിനെ കാണാന്‍ എത്തിയ ബസ് ഡ്രൈവര്‍ സഹറിനെ (32) എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് 17 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ സഹര്‍ മാര്‍ച്ച് ഏഴാം തിയതി മരിച്ചു. മര്‍ദ്ദനം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പ്രതികളെ രക്ഷപ്പെടാന്‍ പോലീസ് സഹായിച്ചുവെന്ന് സഹറിന്റെ കുടുംബം ആരോപിച്ചിരുന്നു. 

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കൊലക്കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികളിലൊരാളായ രാഹുല്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.