ആദിത്യ എൽ1; ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരം

 | 
adhithya l 1

 ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന്‌ ഐഎസ്ആർഒ. ഇതോടെ പേടകം ഭൂമിയിൽ നിന്ന് കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22,459 കിലോമീറ്ററും ഉളള ഭ്രമണപഥത്തിലെത്തി. അടുത്ത ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച നടത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു.

ബംഗളുരുവിലെ ഇസ്ട്രാക്കാണ് ഭ്രമണപഥമാറ്റം നിയന്ത്രിക്കുന്നത്. ഇന്നലെ രാവിലെ 11.50 ന് വിക്ഷേപിച്ച ആദിത്യ എൽവണിൻറെ ഇതുവരെയുളള എല്ലാ പ്രവർത്തനങ്ങളും പ്രതീക്ഷിച്ചത് പോലെയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുളള ലഗ്രാഞ്ച് വൺ പോയൻറിലേക്കാണ് പേടകത്തിൻറെ യാത്ര. നാലുമാസം എടുത്താണ് പേടകം ലക്ഷ്യസ്ഥാനത്തെത്തുക.

സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ബലം സന്തുലിതമായ ഈ പോയിന്റിൽ നിന്നാകും ആദിത്യ എൽ1 സൂര്യനെ പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകൾ ഭാഗം ചൂടാകുന്നതും, അത് സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.