മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ അമ്മയുടെ ബാലാവകാശലംഘനം; കൂട്ടിന് ഹൈബി ഈഡനും

പഠനോപകരണ വിതരണം പൊതുവേദിയില്‍; ലംഘിച്ചത് ബാലാവകാശ കമ്മീഷന്‍ മാനദണ്ഡങ്ങള്‍
 
 | 
amma
പഠനോപകരണ വിതരണത്തിന്റെ പേരില്‍ ബാലാവകാശ ലംഘനം നടത്തി താരസംഘടന അമ്മ.

കൊച്ചി: പഠനോപകരണ വിതരണത്തിന്റെ പേരില്‍ കടുത്ത ബാലാവകാശ ലംഘനം നടത്തി താരസംഘടന അമ്മ. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ പൊതുവേദിയില്‍ വെച്ച് കുട്ടികള്‍ക്ക് സഹായ വിതരണം നടത്തി. അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടത്തിയ ചടങ്ങില്‍ മൂന്ന് വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും വേദിയില്‍ എത്തിച്ച് ടാബ് നല്‍കുകയായിരുന്നു. അമ്മ പ്രസിഡന്റ മോഹന്‍ലാലാണ് കുട്ടികള്‍ക്ക് ടാബുകള്‍ നല്‍കിയത്. സഹായ വിതരണം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിന്റെ നഗ്നമായ ലംഘനമാണ് താരസംഘടനയുടെ വേദിയില്‍ നടന്നത്. എറണാകുളം എംപി ഹൈബി ഈഡന്‍, അമ്മയുടെ ഭാരവാഹികളായ മറ്റു നടീനടന്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ചടങ്ങിന്റെ ലൈവ് വീഡിയോ അമ്മയുടെ ഫെയിസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തേക്കും.

18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ പൊതുപരിപാടികളില്‍ വെച്ചാകരുതെന്നും അതിന്റെ ഫോട്ടോയോ വീഡിയോയോ പത്രമാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ നല്‍കരുതെന്നും 2020 ഓഗസ്റ്റില്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാലനീതി നിയമത്തിന്റെ സെക്ഷന്‍ 3-2 നല്‍കുന്ന കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ് ഇത്തരം പ്രവൃത്തി. സര്‍ക്കുലര്‍ അനുസരിച്ച് 1989ലെ അന്താരാഷ്ട്ര ശൈശവ ഉടമ്പടി ഉറപ്പു നല്‍കുന്ന കുട്ടികളുടെ സ്വകാര്യതയ്ക്കും ആത്മാഭിമാനത്തോടെ കുട്ടിക്കാലം ആസ്വദിക്കാനുമുള്ള അവകാശത്തിന്റെയും ലംഘനമാണ് താരസംഘടനയുടെ പരിപാടിയെന്ന് വിലയിരുത്തപ്പെടുന്നു. 

സാമ്പത്തിക സഹായമോ സാമ്പത്തികവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സ്‌കോളര്‍ഷിപ്പോ മറ്റ് ആനുകൂല്യങ്ങളോ കലാലയങ്ങളില്‍ വെച്ചും പൊതുപരിപാടിയില്‍ വെച്ചും വിതരണം ചെയ്യരുതെന്നാണ് കമ്മീഷന്‍ സര്‍ക്കുലറില്‍ പറയുന്നത്. കുട്ടികളുടെ സ്വകാര്യതയും അത്മാഭിമാനവും അവരുടെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ടതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളോ സംഘടനകളോ ഇത്തരത്തില്‍ ചെയ്യുന്നത് കുട്ടികളുടെ ആത്മാഭിമാനത്തെയും സ്വാഭിമാനത്തെയും ദോഷകരമായി ബാധിക്കുമെന്നും കുട്ടികള്‍ക്കിടയില്‍ അപകര്‍ഷതാ ബോധത്തിനും വേര്‍തിരിവിനും ഇത് കാരണമാകുമെന്നും കമ്മീഷന്‍ വിലയിരുത്തിയിരുന്നു. 

സഹായ വിതരണം പരസ്യമായി നടത്തുന്നില്ലെന്നും അതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കപ്പെടുന്നില്ലെന്നും സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുന്നതിനായ ടിവിയും മറ്റും വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമാകുന്നുവെന്ന് കാട്ടി ബാലാവകാശ കമ്മീഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

ഒപ്പം അമ്മയും എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്ത അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി 100 ടാബുകള്‍ നല്‍കുന്ന പദ്ധതിക്കാണ് സംഘടന തുടക്കമിട്ടത്. ഇടുങ്ങിയ ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയായിരുന്നു ചടങ്ങ് നടത്തിയത്. വേദിയിലിരുന്ന താരങ്ങള്‍ ആരും മാസ്‌ക് ധരിച്ചിരുന്നില്ല. കവിയൂര്‍ പൊന്നമ്മയുള്‍പ്പെടെ പ്രായമായ താരങ്ങളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.