സ്ത്രീവിരുദ്ധ പ്രസംഗം; ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു
സ്ത്രീവിരുദ്ധ പ്രസംഗത്തിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആർഎംപി പ്രവർത്തകർക്കൊപ്പമാണ് ഹരിഹരൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തനിക്കെതിരായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹരിഹരൻ മാധ്യമങ്ങളോട് പറഞ്ഞു. ‘‘എനിക്കെതിരെയുണ്ടായ ആക്രമണത്തിൽ നടപടിയുണ്ടായില്ല. വീടിനു നേരെ ബോംബെറിഞ്ഞവരെ ഇതുവരെ പിടിച്ചില്ല. പ്രസംഗത്തിൽ നിയമപരമായി തെറ്റില്ല. എന്നാൽ രാഷ്ട്രീയമായി തെറ്റുണ്ട്. മാധ്യമങ്ങൾ എന്നെ മോശമായ രീതിയിൽ ചിത്രീകരിച്ചു’’ – ഹരിഹരൻ പറഞ്ഞു.
‘‘കേരളത്തിൽ ധാരാളം പേർ പലരീതിയിൽ പ്രസംഗിച്ചിട്ടുണ്ട്. അവർക്ക് എതിരെയൊന്നും കേസെടുത്തിട്ടില്ല. വലിയ സൈബർ ആക്രമണമാണ് എനിക്കും രമയ്ക്കുമെതിരെ ഉണ്ടായത്. പരാമർശം തെറ്റായെന്ന് തോന്നിയതു കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. മലപ്പുറം ജില്ലയിലാണ് ഞാൻ താമസിക്കുന്നത്. സെൻസിറ്റീവായ സ്ഥലത്ത് ബോംബേറ് ഉണ്ടാകുമ്പോൾ ഇങ്ങനെ ഉദാസീനമായി കാണരുത്. പ്രതികളെ പൊലീസ് പിടികൂടണം.’’– കെ.എസ്.ഹരിഹരൻ വ്യക്തമാക്കി.