പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

 | 
anu

പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വാളൂർ കുറുങ്കുടി മീത്തൽ അനുവിനെയാണ് (26) കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കോട്ടൂർതാഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടിൽനിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. രണ്ടുകിലോമീറ്ററോളം ദൂരമുണ്ടു ഭർത്താവിന്റെ വീട്ടിലേക്ക്. അനു ഒരു ബൈക്കിൽ കയറിയതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ലിഫ്റ്റ് ചോദിച്ചു യുവതി ബൈക്കിൽ കയറിയെന്നാണു സൂചന. 

ഈ ബൈക്കിലുണ്ടായിരുന്ന ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണു പൊലീസ്. ഈ ചുവന്ന ബൈക്കിൽ സഞ്ചരിച്ച ആൾ മോഷ്ടാവാണെന്നാണു നിഗമനം. പിറ്റേദിവസം കണ്ടെത്തിയ അനുവിന്റെ മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. അനുവിന്റെ മൃതദേഹം കണ്ടെത്തിയ തോട്ടിൽ മുട്ടൊപ്പം മാത്രമാണ് വെള്ളമുണ്ടായിരുന്നത്.