ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയോടെയായിരിക്കും ജലോത്സവം ആരംഭിക്കുക. മന്ത്രി വീണ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി സജി ചെറിയാൻ ജലോത്സവം ഉദ്ഘാടനം ചെയ്യും.
ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങളും മത്സര വള്ളം കളിയിൽ 48 പള്ളിയോടങ്ങളും പങ്കെടുക്കും. പാരമ്പര്യ ശൈലിയിൽ തുഴഞ്ഞ് ഒന്നാമതെത്തുന്ന പള്ളിയോടത്തെ ആയിരിക്കും മത്സര വിജയിയായി പ്രഖ്യാപിക്കുക. ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2017 ന് ശേഷം ആദ്യമായാണ് ആറന്മുളയിൽ മത്സരവള്ളംകളി നടക്കുന്നത്. ആറു വർഷത്തിനുശേഷം നടക്കുന്ന മത്സര വള്ളംകളിയിൽ എ ബാച്ചിൽ 9 ഹീറ്റ്സുകളിലായി 32 പള്ളിയോടങ്ങളും ബി ബാച്ചിൽ നാല് ഹീറ്റ്സുകളിലായി 16 പള്ളിയോടങ്ങളും പങ്കെടുക്കും. എ, ബി ബാച്ചുകളിൽ ഒന്നാം സ്ഥാനം നേടുന്ന പള്ളിയോടങ്ങൾക്ക് നായർ സർവിസ് സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള മന്നം ട്രോഫിയാണ് സമ്മാനിക്കുക. ജലഘോഷ യാത്രയിലെ പ്രകടനത്തിനും ട്രോഫികൾ ഉണ്ടാകും. മികച്ച ചമയം തുഴച്ചിൽ പാട്ട് എന്നിവ അടിസ്ഥാനമാക്കി ഗ്രൂപ്പ് തല വിജയികളെയും തീരുമാനിക്കും.