ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ

 | 
Kidnap

ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയേയും ഇയാളുടെ സുഹൃത്തിനേയും നാട്ടുകാർ പിടികൂടി. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വിതുര തോട്ടുമുക്കിൽ വെള്ളിയാഴ്ച രാവിലെ 8.45-നായിരുന്നു സംഭവം.

തോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷാനിൻ്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. ഈ സമയം ഇളയകുഞ്ഞ് സിറ്റ് ഔട്ടിനടുത്ത് ഹാളിലെ വാതിലിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിറ്റ് ഔട്ടിൽ വന്നയാൾ മുട്ടിൽ ഇഴഞ്ഞ് കുട്ടിയുടെ കൈ പിടിച്ച് വലിക്കുകയായിരുന്നു.

ഇതുകണ്ട് വീടിനകത്തുണ്ടായിരുന്ന പിതാവ് പുറത്തിറങ്ങിയപ്പോൾ ഇയാൾ ഭിക്ഷ ചോദിച്ചശേഷം ഓടിപോകാൻ ശ്രമിച്ചു. തുടർന്ന് ഷാനും സമീപവാസികളും ചേർന്ന് ഇയാളെ പിടികൂടി വിതുര പോലീസിൽ എൽപിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടി എന്ന സ്ഥലത്തുനിന്ന് പിടികൂടി നാട്ടുകാർതന്നെ പോലീസിനു കൈമാറി. രേവണ്ണയ്ക്ക് രേഖകൾ ഒന്നുംതന്നെ ഇല്ല. പോലീസ് ഇരുവരേയും ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചു എന്നാണ് മാതാപിതാക്കളുടെ പരാതി.