ചാണ്ടി ഉമ്മന് ചരിത്ര വിജയം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം, മറ്റൊരു വിഷയവും തന്റെ മുമ്പിൽ ഇല്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരിക്കാതെ രമേശ് ചെന്നിത്തല.പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് തന്റെ മുന്നിലുള്ള മുഖ്യ അജണ്ടയെന്നും മറ്റു വിഷയങ്ങളിൽ പിന്നീട് പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
ചാണ്ടി ഉമ്മന് ചരിത്ര വിജയം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം. മറ്റൊരു വിഷയവും തന്റെ മുമ്പിൽ ഇല്ല. മറ്റ് കാര്യങ്ങൾ ഈ മാസം ആറു കഴിഞ്ഞ് പറയാം എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗമാക്കത്തതിൽ രമേശ് ചെന്നിത്തല അതൃപ്തനാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.അതേസമയം, പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിൽ തനിക്ക് പരാതിയില്ലെന്ന വി ഡി സതീശന്റെ പരാമർശത്തോടും പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല.
ഇന്നലെയാണ് കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാവേദിയായ പ്രവർത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. ശശി തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കുകയാണ് ചെയ്തത്. 39 അംഗ സമിതിയിൽ കേരളത്തിൽ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാൽ, ശശി തരൂർ എന്നിവർ ഉൾപ്പെട്ടു.
32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉൾപ്പെടുത്തിയത്. പ്രവർത്തക സമിതിയിൽ നിന്ന് ക്ഷണിതാവായി തരംതാഴ്ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ശശി തരൂരിനെ പ്രവർത്തകസമിതിയംഗമായി ഉയർത്തിയത് ചെന്നിത്തലയ്ക്ക് ഇരട്ടപ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.