മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും; മന്ത്രി എ കെ ശശീന്ദ്രൻ

 | 
A K SASHEENDRAN


മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഡിവൈഎസ്പി വി വി ബെന്നിയുടെ പിന്മാറ്റം കുറ്റപത്രം നൽകുന്നതിനെ ബാധിക്കില്ല. ചുമതലയിൽ നിന്ന് മാറ്റണമെന്ന ഉദ്യോഗസ്ഥന്റെ ആവശ്യം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. അതിൽ കാരണം അന്വേഷിക്കേണ്ടത് വനംവകുപ്പിന്റെ ചുമതലയല്ലെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

മുറിച്ച മരങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ ഡിഎൻഎ പരിശോധന അടക്കം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പിൻവാങ്ങൽ. പ്രത്യേക സംഘം രൂപീകരിച്ചപ്പോൾ എഡിജിപി എസ് ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് പ്രത്യേക ഉത്തരവിറക്കി ഡിജിപി ബെന്നിയെ അന്വേഷണ ഉദ്യോഗസ്ഥനാക്കുകയായിരുന്നു. പ്രതികൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ബെന്നി ആവശ്യപ്പെട്ടത്.

കേസിൽ പ്രതികൾക്ക് കുരുക്കാകുകയാണ് മരങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം. കേസിന്റെ അന്വേഷണം ശരിയായ ദിശയിലെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ അനുമതിക്കത്തുകൾ വ്യാജമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനു പിന്നാലെയാണ് കൂടുതൽ കുരുക്ക് മുറുകുന്നത്. പിടിച്ചെടുത്തത് മുറിച്ചു മാറ്റിയ മരങ്ങൾ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതായാണ് വനംമന്ത്രി പറയുന്നത്.