ലഖിംപൂര്‍ കത്തുമ്പോള്‍ ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്തത് 'ചെമ്പോല'; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ലഖിംപൂര്‍ ഖേഡിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനമോടിച്ചു കയറ്റിയ വാര്‍ത്ത മറ്റു ചാനലുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ ശബരിമല ചെമ്പോല ചര്‍ച്ചയാക്കിയ ഏഷ്യാനെറ്റ് ന്യൂസിന് രൂക്ഷ വിമര്‍ശനം
 | 
Asianet
മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഏഷ്യാനെറ്റിന്റെ മാധ്യമപ്രവര്‍ത്തന രീതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്

ലഖിംപൂര്‍ ഖേഡിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനമോടിച്ചു കയറ്റിയ വാര്‍ത്ത മറ്റു ചാനലുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ ശബരിമല ചെമ്പോല ചര്‍ച്ചയാക്കിയ ഏഷ്യാനെറ്റ് ന്യൂസിന് രൂക്ഷ വിമര്‍ശനം. ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു തിങ്കളാഴ്ച മാധ്യമങ്ങളില്‍ നിറഞ്ഞത്. ലോകശ്രദ്ധയാകര്‍ഷിച്ച കര്‍ഷക സമരത്തിന്റെ ഭാഗമായി പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെയാണ് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനം ഓടിച്ചു കയറ്റിയത്. മന്ത്രിയുടെ മകനാണ് തങ്ങള്‍ക്ക് മേല്‍ വാഹനമോടിച്ചു കയറ്റിയതെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.

നാല് സമരക്കാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മലയാളത്തിലെ പ്രധാന ചാനലുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ശബരിമലയും ചെമ്പോലയും ചര്‍ച്ചയാക്കിയ ഏഷ്യാനെറ്റ് ന്യൂസിനും അവതാരകന്‍ വിനു വി. ജോണിനും നേരെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഉയരുന്നത്. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഏഷ്യാനെറ്റിന്റെ മാധ്യമപ്രവര്‍ത്തന രീതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

യു പിയില്‍ കര്‍ഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവണ്‍മെന്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളില്‍ ചര്‍ച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നില്‍ കര്‍ഷക, യുവജന നേതാക്കളെ മര്‍ദിച്ചു പോലീസ് വണ്ടിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ കണ്ട ഏതൊരു മാധ്യമ പ്രവര്‍ത്തകനും ഇന്നത്തെ രാത്രിയില്‍ അതല്ലാതെ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നത് ചിന്തിക്കാന്‍ ആവില്ല. എന്നാലോ എല്ലാറ്റിനും 'മുതിരുന്ന' ചിലര്‍ക്ക് മോന്‍സന്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തില്‍ കവിഞ്ഞ് ഒരു കര്‍ഷകനും അവന്റെ രക്തസാക്ഷിത്വവും ഇല്ലെന്ന് പ്രമോദ് രാമന്‍ കുറിച്ചു.

ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കിൽ മനസ്സിൽ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാൽ അതിന് മുതിരുന്നു.
ഈ കുറിപ്പ് എഴുതുമ്പോൾ യു പിയിൽ കർഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവൺമെൻ്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളിൽ ചർച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നിൽ കർഷക, യുവജന നേതാക്കളെ മർദിച്ചു പോലീസ് വണ്ടിയിൽ തള്ളുന്ന ദൃശ്യങ്ങൾ കണ്ട ഏതൊരു മാധ്യമ പ്രവർത്തകനും ഇന്നത്തെ രാത്രിയിൽ അതല്ലാതെ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നത് ചിന്തിക്കാൻ ആവില്ല. എന്നാലോ
എല്ലാറ്റിനും 'മുതിരുന്ന' ചിലർക്ക് മോൻസൻ്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തിൽ കവിഞ്ഞ് ഒരു കർഷകനും അവൻ്റെ രക്തസാക്ഷിത്വവും ഇല്ല.
ഇത് പറഞ്ഞത് മാധ്യമപ്രവർത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivity യൂടെ ആഴം സൂചിപ്പിക്കാൻ മാത്രം. ഒരു രാത്രിയിൽ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതിൽ നാം കണ്ട insensitivity മറ്റൊരു രാത്രിയിൽ കർഷകമനസ് കാണാതെ പോകുന്ന തരത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തിൽ മാധ്യമപ്രവർത്തനത്തിൻ്റെ ഒരുവശത്ത് പടർന്നുകൊണ്ടിരിക്കുന്ന നിർദയത്വത്തിൻ്റെ വിഷവേരുകൾ ആണ്. പകൽ മുഴുവൻ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ ധർമയുദ്ധത്തിൽ നാടിൻ്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകർ എന്ന മട്ടിൽ റിപ്പോർട്ടർമാരാൽ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിൻ്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയിൽ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോർട്ടർ സഹപ്രവർത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാൻ ആങ്കർ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവർഗ, പുരുഷ, പിന്തിരിപ്പൻ വഷളത്തരങ്ങൾ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും.
ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവർ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യർത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാൻ മാധ്യമപ്രവർത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്നെ കല്ലെറിയൂ. അല്ലെങ്കിൽ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലിൽ അടയ്ക്കൂ. മാധ്യമ പ്രവർത്തനത്തിൻ്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിൻ്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല. തലമുറകൾക്ക് മേൽ വിപൽപ്പിണറായി പതിക്കാവുന്ന ദുർബോധനം ആണത്.
ഇന്നേവരെ പല ആവർത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയിൽ ഞാൻ എൻ്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ പെരുമാറുന്നുണ്ടോ, ഇന്നിപ്പോൾ Media One ൻ്റെ ചുമതലയിൽ ഇരുന്ന് സഹപ്രവർത്തകരിൽ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളർത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങൾ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളിൽ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയുന്നുള്ളൂ.
അപ്പോഴും ഞാൻ പറയും. ഞാനും എൻ്റെ സഹപ്രവർത്തകരും വിമർശിക്കപ്പെടുക തന്നെ വേണം. അവർ അംഗീകരിക്കപ്പെടുന്നുവെങ്കിൽ അതിനൊപ്പം. കാരണം വിമർശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതൽ നല്ല മാധ്യമപ്രവർത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിൻ്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിൻ്റെ ഉത്തമദൃഷ്ടാന്തങ്ങൾക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.
നന്ദി.
പ്രമോദ് രാമൻ
05.10.2021

മാതൃഭൂമിയില്‍ സ്മൃതിയും മനോരമ ന്യൂസില്‍ ഷാനിയും മീഡിയ വണ്ണില്‍ അഭിലാഷുമൊക്കെ അവരുടെ ഡിബേറ്റുകള്‍ക്ക് കര്‍ഷക സമരം വിഷയമാക്കിയപ്പോള്‍ ഏഷ്യാനെറ്റിലിരുന്ന് ഒരുത്തന്‍ കാര്യമായി ചര്‍ച്ച ചെയ്യുന്നു, 'ചെമ്പോലയുടെ ചെമ്പ്' എന്ന് ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു.

ഇന്നലത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത ലഖിംപുരിലെ കർഷക കൂട്ടക്കൊലയായിരുന്നു. പ്രിയങ്കയുടെ അറസ്റ്റും അനുബന്ധ സംഭവവികാസങ്ങളുമായിരുന്നു.
മാതൃഭൂമിയിൽ സ്‌മൃതിയും മനോരമ ന്യൂസിൽ ഷാനിയും മീഡിയ വണ്ണിൽ അഭിലാഷുമൊക്കെ അവരുടെ ഡിബേറ്റുകൾക്ക് കർഷക സമരം വിഷയമാക്കിയപ്പോൾ
ഏഷ്യാനെറ്റിലിരുന്ന് ഒരുത്തൻ കാര്യമായി ചർച്ച ചെയ്യുന്നു
"ചെമ്പോലയുടെ ചെമ്പ്"
ചെമ്പോലയിലെ ചെമ്പല്ല, ഇവന്റെയൊക്കെ തലയിലെ ചെമ്പാണ് പരിശോധിക്കേണ്ടത്.

കൊല്ലപ്പെട്ട കര്‍ഷകരെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഭയമായിരുന്നെങ്കില്‍ കൊല്ലപ്പെട്ട അക്രമികളെക്കുറിച്ചെങ്കിലും ഏഷ്യാനെറ്റിന് ചര്‍ച്ച ചെയ്യാമായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ.ജേക്കബ് കുറിക്കുന്നു.

കൊല്ലപ്പെട്ട കർഷകരെക്കുറിച്ച് ചർച്ച ചെയ്യാൻ ഭയമായിരുന്നെങ്കിൽ കൊല്ലപ്പെട്ട അക്രമികളെക്കുറിച്ചെങ്കിലും ഏഷ്യാനെറ്റിന് ചർച്ച ചെയ്യാമായിരുന്നു എന്നാണു എന്റെ ഒരിദ്.