മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി

 | 
mathew kuzhalnadan

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. അഭിഭാഷകനായ സജീവ് സികെയാണ് പരാതി നൽകിയത്. മാത്യു കുഴൽനാടൻ അഭിഭാഷകന്റെ ധാർമ്മികത ലംഘിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. ചിന്നക്കനാലിൽ മാത്യുവിന്റെ പേരിൽ റിസോർട്ട് ലൈസൻസുണ്ട്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവെ മറ്റ് ബിസിനസ് നടത്താനാവില്ലെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു.

മാത്യു ബിസിനസ് നടത്തുന്നത് അഭിഭാഷക അന്തസിന് വിരുദ്ധമെന്നും പരാതിക്കാരൻ പറഞ്ഞു. മാത്യു കുഴൽനാടനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും നികുതി വെട്ടിച്ച് സ്വന്തമാക്കിയെന്ന് കോൺ​ഗ്രസ് നേതാവിനെതിരെ ആരോപണം ഉയർന്നിരുന്നു.

2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത ആധാരത്തിൽ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും കുഴനാടൻ വെട്ടിച്ചുവെന്നാണ് ആരോപണം.