വധശിക്ഷ നടപ്പാക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നത് പരിഗണിക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

 | 
supreamkodathi

വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഇതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. 

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോള്‍ അന്തസ് നഷ്ടമാകും. എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

വദന കുറഞ്ഞ മറ്റ് രീതിയില്‍ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.