തുടർച്ചയായ പെർമിറ്റ് ലം​ഘനം; റോബിൻ ബസ് കേരള മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു, പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങി

 | 
robin

മൂന്നുദിവസത്തെ തമിഴ്‌നാട് കസ്റ്റഡിക്കുശേഷം രണ്ടുദിവസം ഓടിയ, അഖിലേന്ത്യ പെർമിറ്റുള്ള റോബിൻ ബസ് കേരള മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ്, പത്തനംതിട്ട - കോയമ്പത്തൂർ സർവീസ് നടത്തിയ ബസ് പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പിടിച്ചെടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ആർ.ടി.ഒ. ഹർജിയും ഫയൽചെയ്തു.

വ്യാഴാഴ്ച രാത്രി 12.45-ന് പത്തനംതിട്ട നഗരത്തിനടുത്ത് മേലെവെട്ടിപ്പുറത്തുവെച്ചാണ് പോലീസ് സന്നാഹത്തോടെ ബസ് പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ. ക്യാമ്പിലേക്ക് മാറ്റിയത്. വിവിധ ദിവസങ്ങളിൽ നൽകിയ നോട്ടീസുകളിൽ 32500 രൂപ റോബിൻ ബസിന്റെ ഉടമ അടയ്ക്കാനുണ്ട്. കഴിഞ്ഞദിവസം നൽകിയ നോട്ടീസ് പ്രകാരം 15,000 രൂപ മാത്രമേ അടച്ചിട്ടുള്ളൂ.

തുടർച്ചയായ നിയമലംഘനത്തിന് ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. അധികൃതർ പറഞ്ഞു. ബസിന് അഖിലേന്ത്യാ പെർമിറ്റ് നൽകിയ തിരുവനന്തപുരത്തെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ബസ് രജിസ്റ്റർചെയ്ത കോഴിക്കോട് ആർ.ടി.ഒ.യുമാണ് പെർമിറ്റും ലൈസൻസും റദ്ദാക്കേണ്ടത്. ഇതിനായി പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. റിപ്പോർട്ട് അയച്ചു.

യാത്രക്കാരെ വഴിയിലിറക്കിവിട്ട് ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദേശമുണ്ട്. യാത്ര തുടങ്ങുന്നതിനുമുമ്പോ യാത്ര അവസാനിച്ച ശേഷമോ ആയിരിക്കണം നടപടി. വ്യാഴാഴ്ച രാത്രി കോയമ്പത്തൂരിൽനിന്ന് വന്ന ബസ് പത്തനംതിട്ടയിൽ യാത്രക്കാരെയെല്ലാം ഇറക്കിയശേഷമാണ് പിടിച്ചെടുത്തത്. അതേസമയം, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അവരുടെ താത്പര്യപ്രകാരം നിയമം വ്യാഖ്യാനിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും ബസുടമ ഗിരീഷ് പറഞ്ഞു.