സൈബർ അധിക്ഷേപ പരാതി; അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി

 | 
achu ooman

തിരുവനന്തപുരം: സൈബർ അധിക്ഷേപ പരാതിയിൽ പൂജപ്പുര പൊലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തു. എസ്ഐ പ്രവീണും സംഘവും പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. സൈബർ ആക്രമണത്തിനെതിരെ പൊലീസിലും സൈബർ സെല്ലിലും വനിതാ കമ്മീഷനിലും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. സിപിഐഎമ്മിന്റെ സൈബർ പോരാളികൾ വ്യക്തിഹത്യ തുടരുന്നുവെന്നും പ്രിയപ്പെട്ടവരെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.

അച്ചു ഉമ്മന്റെ പരാതിയിൽ ഇടത് സംഘടനാ നേതാവ് നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന പരാതിയിലാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സൈബർ അധിക്ഷേപത്തിൽ മാപ്പ് ചോദിച്ച് നന്ദകുമാർ രം​ഗത്തെത്തിയിരുന്നു. അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം.

'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾക്ക് അപമാനകരമായി പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപ്പെട്ടയുടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു.' എന്നായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.