മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം; മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും പ്രതികളായ ലോകായുക്ത കേസില്‍ നാളെ വിധി

 | 
pinaryVijayan

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായധനം വിതരണം ചെയ്തതില്‍ സ്വജനപക്ഷപാതമുണ്ടായെന്ന ഹര്‍ജിയില്‍ ലോകായുക്ത നാളെ വിധി പറയും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ദുരിതാശ്വാസ നിധി വിതരണത്തിലാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുമാണ് കേസിലെ എതിര്‍ കക്ഷികള്‍. വെള്ളിയാഴ്ച വിധി പറയേണ്ട കേസുകളുടെ പട്ടികയില്‍ ദുരിതാശ്വാസനിധി കേസും ഉള്‍പ്പെടുത്തി. 

ദുരിതാശ്വാസനിധി കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതി മൂന്നാം തിയതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടയില്‍ വിധി പ്രഖ്യാപിക്കുന്നതിനായി ലോകായുക്തയ്ക്ക് പരാതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. 

എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ മരണ ശേഷം മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി 25 ലക്ഷം രൂപയും, അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിയും എട്ടര ലക്ഷം രൂപ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനും എതിരെയാണ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും നല്‍കിയതിനു പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

2022 മാര്‍ച്ച് 18ന് കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും ലോകായുക്ത വിധി പറയാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയില്‍ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്ന വകുപ്പാണ് ഇത്. ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതേവരെ ഒപ്പുവെച്ചിട്ടില്ല.