തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

 | 
Thomas Issac

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും നോട്ടീസയച്ചു. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നിർദേശം. മുൻപ് ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരി​ഗണിക്കവെ ഇ.ഡി കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു. കിഫ്ബി മസാല ബോഡിന്റെ ഫണ്ട് വിനിയോ​ഗ തീരുമാനങ്ങളിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്ന് ഇതിൽ ഇഡി വ്യക്തമാക്കി.

ഫണ്ട് ചെലവഴിക്കലിൽ സ്ഥിരതയില്ലെന്ന കാര്യം ഐസക്കിന് ബോധ്യമുണ്ടായിരിക്കാമെന്നും ഇ.ഡി കോടതിയിൽ പറഞ്ഞിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത ഐസക്ക് എല്ലാത്തിനെയും വെല്ലുവിളിക്കുകയാണെന്നും ഇ.ഡിയുടെ കൗണ്ടർ അഫിഡവിറ്റിലുണ്ടായിരുന്നു. ആറ് തവണ സമൻസ് അയച്ചിട്ടും ഐസക്ക് ഹാജരാവാത്തതിനെ വിമർശിച്ച ഇഡി, നിലപാട് നിയമവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരി​ഗണിക്കുന്നത് മെയ് 22-ലേക്ക് കോടതി മാറ്റി. ഇതിനിടെയാണ് ഇ.ഡി ഏഴാമത്തെ സമൻസ് തോമസ് ഐസക്കിന് അയച്ചിരിക്കുന്നത്.

അതേസമയം, ഇ.ഡിയുടെ സമൻസിന് പിന്നാലെ തോമസ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കോടതി പരി​ഗണിക്കാനിരിക്കെ സമൻസ് അയച്ച ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തനിയ്ക്കെതിരെ ദുഷ്പ്രചാരണം നടത്താൻ വേണ്ടിയുള്ളതാണ് ഇഡിയുടെ നടപടി. രണ്ടുവർഷമായി ഇതെല്ലാം അന്വേഷിച്ചുനടക്കുന്നവർക്ക് ഇപ്പോൾ എന്തിനാണ് ഇത്രധൃതി? കോടതിയിൽ പരാതിനൽകി പരിരക്ഷ ആവശ്യപ്പെടeമെന്നു പറഞ്ഞ അദ്ദേഹം, ഇഡിയ്ക്കുമുന്നിൽ ഹാജരായില്ലെങ്കിൽ മൂക്കുപ്പൊടിയാക്കുമോ എന്നും ചോദിച്ചു. ഇവിടെ ആർക്കും ഇഡിയെ പേടിയില്ലെന്നും അതിന് വടക്കേ ഇന്ത്യയിൽപോയി നോക്കിയാൽ മതിയെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.