തെരഞ്ഞെടുപ്പ് വരും പോകും, കുടുംബത്തെ അപമാനിക്കുന്നത് നിർത്തിക്കൂടെ; ചാണ്ടി ഉമ്മൻ
പുതുപ്പള്ളി: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മതിയാക്കാറായില്ലേ എന്ന് ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ പോലും വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. കുടുംബത്തെ അപമാനിക്കുന്നത് നിർത്തിക്കൂടെയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ഉമ്മൻ ചാണ്ടി മരിക്കാനായി കോൺഗ്രസ് നേതൃത്വം കാത്തിരുന്നുവെന്ന എം എം മണി എംഎൽഎയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ചാണ്ടി ഉമ്മൻ.
പിണറായി വിജയൻ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ആ ആദരവോടെ പ്രചാരണ രംഗത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങൾക്ക് കോൺഗ്രസ് ഇല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിക്ക് വേണ്ട ചികിത്സ നൽകാത്തവരാണ് കോൺഗ്രസ്സുകാർ. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടേണ്ട കാര്യമില്ല. പ്രതിപക്ഷത്ത് വിവരം ഇല്ലാത്തവരാണ്. അവരോട് 'പോടാ പുല്ലേ' എന്ന് പറഞ്ഞാൽമതി. രണ്ടുതവണ തോറ്റതിനാൽ ഇത്തവണ ജയ്ക്കിനെ ജയിപ്പിക്കാമെന്ന് ജനം കരുതും. പുതുപ്പള്ളിയിൽ സഹതാപ തരംഗം ജെയ്ക് സി തോമസിനെന്നും കഴിഞ്ഞ ദിവസം എം എം മണി പറഞ്ഞിരുന്നു.