പരീക്ഷയില്‍ കൂട്ടത്തോല്‍വി; അധ്യാപകനെ മരത്തില്‍ കെട്ടിയിട്ടു തല്ലി വിദ്യാര്‍ത്ഥികള്‍

പരീക്ഷയില്‍ തോറ്റതിന് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍. ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനെയും ക്ലര്‍ക്കിനെയുമാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് കുറച്ചു നല്‍കിയെന്നാരോപിച്ച് മരത്തില്‍ കെട്ടിയിട്ട് തല്ലിയത്.
ജില്ലയിലെ ഗോപികന്ദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സര്‍ക്കാര്‍ നടത്തുന്ന പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ മുന്‍ ഹെഡ്മാസ്റ്ററും നിലവിലെ ഗണിത അധ്യാപകനുമായിരുന്നു സുമന്‍ കുമാറിനും അതേ സ്‌കൂളിലെ ക്ലര്‍ക്ക് ആയ സോനേറാം ചൗറേയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഝാര്‍ഖണ്ഡ് അക്കാദമിക് കൗണ്‍സില്‍ (ജെഎസി) ഒമ്പതാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ സ്‌കൂളിലെ 32 കുട്ടികള്‍ക്ക് തോല്‍വിക്ക് തുല്യമായി കണക്കാക്കുന്ന ഗ്രേഡ് ഡി ആണ് കിട്ടിയത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള മാര്‍ക്ക് കുറഞ്ഞതായിരുന്നു കാരണം. ഇത് സ്‌കൂളില്‍ നിന്നാണ് ഇടുന്നത്. ഇതില്‍ പ്രകോപിതരായ കുട്ടികള്‍ സംഘം ചേര്‍ന്ന് സ്‌കൂളിലെത്തി അധ്യാപകനെയും ക്ലര്‍ക്കിനെയും മര്‍ദ്ദിക്കുകയും മരത്തില്‍ കെട്ടിയിടുകയും ആയിരുന്നു. അധ്യാപകന്‍ ഇട്ട മാര്‍ക്ക് പരീക്ഷാ ബോര്‍ഡിന് അയച്ചുകൊടുത്തതിനായിരുന്നു വിദ്യാര്‍ഥികള്‍ ക്ലര്‍ക്കിനെ മര്‍ദ്ദിച്ചത്.
സംഭവത്തെക്കുറിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് രേഖാമൂലം പരാതി നല്‍കിയിട്ടില്ലാത്തിനാല്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അത് വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചേക്കാം എന്ന് പറഞ്ഞ് അധ്യാപകര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് നിത്യാനന്ദ് ഭോക്ത പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ രണ്ടു ദിവസത്തേക്ക് സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.